സ്ഥാപന ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കില്‍ ഈരാറ്റുപേട്ട, തലപ്പലം വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തലപ്പലം ഗ്രാമപഞ്ചായത്ത്. 29.92 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറ് ഭരണങ്ങാനം പഞ്ചായത്ത്, തെക്ക് ഈരാറ്റുപേട്ട, ഭരണങ്ങാനം, തിടനാട് പഞ്ചായത്തുകള്‍, കിഴക്ക് തീക്കോയി, മൂന്നിലവ്, ഈരാറ്റുപേട്ട പഞ്ചായത്തുകള്‍, വടക്ക് മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകള്‍ എന്നിവയാണ്. ഈ പഞ്ചായത്ത് രൂപം കൊള്ളുന്നത് 1953 ലാണ്. എം.റ്റി.തോമസ് മുലേച്ചാലില്‍ ആദ്യ പ്രസിഡന്റായിരുന്നു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ ഉത്തരവു പ്രകാരം പഞ്ചായത്തിന്റെ ആസ്ഥാനം പ്ലാശനാല്‍ ആയി നിശ്ചയിച്ചു. പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന ഇടനാട് മേഖലയില്‍പ്പെട്ട ഒരു കാര്‍ഷികഗ്രാമമാണ് തലപ്പലം. ‘തല’ എന്നാല്‍ പ്രധാനപ്പെട്ട എന്നും ‘പുലം’ എന്നാല്‍ കൃഷിസ്ഥലം എന്നുമാണര്‍ത്ഥം. ഭാഷാന്തരം സംഭവിച്ച് തലപ്പുലം എന്നത് തലപ്പലം എന്ന പേരില്‍ അറിയപ്പെടുന്നു. തലപ്പലം ഗ്രാമത്തിന്റെ കാര്‍ഷിക പാരമ്പര്യം ഇതില്‍ നിന്നും വ്യക്തമാണ്. ഈ പഞ്ചായത്തിലെ പ്രധാന കൃഷി റബ്ബറാണ്. മറ്റു കൃഷികളായി തെങ്ങും ഇടവിളയായി കുരുമുളക്, കമുക്, വാഴ, കൊക്കോ, ജാതി, ഗ്രാമ്പു, പൈനാപ്പിള്‍, ഇഞ്ചി, കാപ്പി, കപ്പ, മഞ്ഞള്‍, കശുമാവ്, ചേന, ചേമ്പ്, കാച്ചില്, മധുരക്കിഴങ്ങ് എന്നിവയും കൃഷിചെയ്തുവന്നിരുന്നു. 1948 ല്‍ സ്ഥാപിതമായ തലപ്പലം ഗ്രാമീണ വായനശാലയാണ് ഈ രംഗത്തെ ആദ്യസ്ഥാപനം. സഹകരണ പ്രസ്ഥാനത്തില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെങ്കില്‍, മീനച്ചില്‍ താലൂക്ക് കേരളത്തിന് മാതൃകയാണെന്നു പറയാം. 1914 ല്‍ സഹകരണ നിയമം പാസാക്കി, വൈകാതെ തന്നെ മീനച്ചില്‍ താലൂക്കില്‍ സഹകരണ സ്ഥാപനങ്ങള്‍ ഉദയം ചെയ്തു. അതോടൊപ്പം തലപ്പലം പഞ്ചായത്തിലും. ഈ പഞ്ചായത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മേലമ്പാറ പരസ്പര സാഹായസംഘം 8-10-1927 ല്‍ (കൊല്ലവര്‍ഷം 23-2-1103) രൂപീകൃതമായി. കേരളത്തിലെ മികച്ച കലാസമിതികളിലൊന്നായിരുന്ന തൊടുപുഴ യംഗ് ഇന്ത്യ ആര്‍ട്സ് ക്ളബ്ബിന്റെയും, യംഗ് ഇന്ത്യ തിയേറ്റേഴ്സിന്റെയും നൃത്തകലാലയത്തിന്റെയും കാര്യദര്‍ശിയായിരുന്നു ദേവസ്യാ അഞ്ഞൂറ്റിമംഗലം. അദ്ദേഹത്തിന്റെ പതിനഞ്ചോളം കൃതികള്‍ (അധികവും നാടകങ്ങള്‍) ഭാഷാസാഹിത്യത്തിന് എന്നും മുതല്ക്കൂട്ടു തന്നെ. അഞ്ഞൂറ്റിമംഗലത്തിന്റെ നാടകങ്ങളിലൊന്നായ “ടിപ്പുസുല്‍ത്താന്‍” കേരളസര്‍വ്വകലാശാലയുടെ ബി. എ, ബി എസ്. സി ക്ളാസുകളിലും മലയാളം വിദ്വാനും ഒരേ സമയം പാഠപുസ്തകമായിരുന്നു. ഈ പ്രദേശത്തെ നരിയങ്ങാനത്തുള്ള മുങ്ങുമല ശിലാഗുഹകള്‍ ചരിത്രത്തിന്റെ അവശേഷിപ്പുകളായി കാണാം.
സാമൂഹിക സാംസ്കാരിക ചരിത്രം
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചാതുര്‍വര്‍ണ്ണ്യവും ബ്രാഹ്മണാധിപത്യവും നിലനിന്നിരുന്ന ഒരു ജനസമൂഹം തലപ്പലം കേന്ദ്രമാക്കി അധിവസിച്ചിരുന്നു എന്നാണ് ഐതിഹ്യം. പാണ്ഡവന്മാര് വനവാസകാലത്ത് നരിയങ്ങാനത്തുള്ള മുങ്ങുമല ശിലാഗുഹകളില്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. കലാ സാംസ്ക്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രഗത്ഭമതികളായ പല പ്രമുഖരുടെയും പ്രവര്‍ത്തനമണ്ഡലമായിരുന്നു തലപ്പലം. മഹാകവി കട്ടക്കയം ചെറിയാന് മാപ്പിള “ശ്രീയേശു വിജയം” കാവ്യമെഴുതിയത് തലപ്പലം രണ്ടാം വാര്‍ഡില്‍ അഞ്ഞൂറ്റിമംഗലത്തുള്ള തന്റെ കൃഷിഭൂമിയില്‍ താമസിച്ചുകൊണ്ടാണ്. ഒരു മഹാകവി എന്നതിലുപരി ഒരു കറതീര്‍ന്ന കര്ഷകന് കൂടിയായിരുന്നു ചെറിയാന് മാപ്പിള. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുവാനായി അഞ്ഞൂറ്റിമംഗലം നിവാസികള്‍ വലിയ കാവുംപുറത്ത് ഒരു വായനശാല സ്ഥാപിക്കുകയും ചെയ്തു. ഈ നാട്ടിലെ ആദ്യ വായനശാലയായിരുന്നു അത്. പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് ‘ഇഞ്ചാലിക്കാവ്’. ആറോ ഏഴോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിതെന്ന് വിശ്വസിക്കുന്നു. കുതിരചാട്ടം, കുതിരനൃത്തം എന്ന പ്രാചീന കലാരൂപം ഇവിടെ നിലനിന്നിരുന്നു. നെല്ക്കതിര് കൊണ്ട് കലാഭംഗിയോടുകൂടി കുതിരകളെ നിര്‍മ്മിച്ച് പ്രത്യേക വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തില്‍ പാട്ടും പാടി ക്ഷേത്രപരിസരത്ത് എത്തുന്നു. പുലസമുദായക്കാരാണ് കുതിരകളെ നിര്‍മ്മിച്ച് നൃത്തം ചെയ്യുന്നത്. അന്നത്തെ പ്രധാനപ്പെട്ട കുടുംബക്കാരുടെ വകയായിട്ടാണ് കുതിരനൃത്തം വയ്ക്കുക. ആദ്യത്തെ കുതിര വരവ് വൃശ്ചികം ഒന്നാം തിയതിയാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനമില്ലാതിരുന്നതുകൊണ്ട് ക്ഷേത്രത്തില്‍ നിന്ന് നിശ്ചിത ദൂരത്തുവച്ചാണ് പരിപാടി നടത്തിയിരുന്നത്. ആ സ്ഥലം “കുതിരക്കളം” എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. ഭഗവതി ക്ഷേത്രങ്ങളില്‍ കണ്ടു വരുന്ന മറ്റൊരു കലാരൂപമാണ് കളമെഴുത്തുപാട്ട്. ഉള്ളടക്കത്തിലും കലാസൌന്ദര്യത്തിലും മങ്ങലേറ്റിട്ടുണ്ടെങ്കിലും ഈ കലാരൂപം ഇന്നും നിലനില്ക്കുന്നു. വൃശ്ചികം 1 മുതല്‍ 41 ദിവസമാണ് കളമെഴുത്ത് പാട്ട് നടക്കുക. കലയും സൌന്ദര്യവും നഷ്ടപ്പെട്ടെങ്കിലും കുംഭകുടം ഇന്നും നടന്നുവരുന്നു. ഇവിടുത്തെ മേലമ്പാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് 250-300 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവിടുത്തെ ഉത്സവകാലത്ത് നാടകങ്ങള്‍ അരങ്ങേറുക ഒരു പതിവായിരുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ആളുകള്‍ തന്നെ നാടകം പഠിച്ച് സംവിധാനം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു പതിവ്. നല്ലതങ്ക, സദാരാമ തുടങ്ങിയ പ്രാചീനനാടകങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. അതുപോലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഓട്ടം തുള്ളല്‍, പറയന് തുള്ളല്‍, തിരുവാതിരക്കളി, കോലടികളി തുടങ്ങിയ കലാരൂപങ്ങള്‍ക്കും കലാകാരന്മാര്ക്കും വേണ്ടത്ര പ്രോത്സാഹനം ഇവിടെനിന്ന് ലഭിച്ചിരുന്നു. 1848 ല്‍ സ്ഥലത്തെ ജന്മിമാരായ പരിയാത്ത്, ഒറ്റപ്ളാക്കല്‍ എന്നീ നായര്‍ തറവാട്ടുകാര് സന്തോഷപൂര്‍വ്വം ദാനം ചെയ്ത സ്ഥലത്താണ് പ്ളാശനാല്‍ പള്ളി സ്ഥാപിച്ചത്. ആദ്യം ഒരു കൊവേന്തപ്പള്ളിയായി ആരംഭിച്ച ഇവിടെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന് കുറച്ചുകാലം താമസിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പള്ളിയോടനുബന്ധിച്ച് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ഒരു കലാരൂപമാണ് കോലടികളി. ചെത്തിമിനുക്കിയ ഏകദേശം ഒന്നോ ഒന്നരയോ അടി നീളമുള്ള രണ്ടുകോലുകള്‍ ഓരോരുത്തരുടെയും കയ്യിലുണ്ടാവും. ഈ കോലുകളാണ് താളവാദ്യമായി ഉപയോഗിക്കുന്നത്. പാട്ടുകളെല്ലാം തന്നെ ദേവസ്തുതികളാണ്. നാടന്‍ പാട്ടുകളും ചുരുക്കമായി പാടാറുണ്ട്. വഞ്ചിപ്പാട്ടുരീതിയിലാണ് പാടുന്നത്. മംഗളശ്ളോകം ചൊല്ലി ചുവടുകള്‍ വച്ച് അടവുകള്‍ ചവിട്ടുന്നു. പതിനെട്ടടവുകളും ഉപഅടവുകളും ഉണ്ട്. ശാരീരികാധ്വാനം ആവശ്യമുള്ള ഒരു കലയാണിത്. നല്ല പരിശീലനം സിദ്ധിച്ച കലാകാരന്മാര്ക്ക് മൂന്നുമണിക്കൂര്‍ കൊണ്ട് പ്രധാന അടവുകള്‍ ചവിട്ടാന്‍ കഴിയും. ഏതാണ്ട് 95 വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണപുരം ക്ഷേത്രത്തോടനുബന്ധിച്ച് നാടകം, ഓട്ടന്തുള്ളല്, തിരുവാതിരക്കളി, നൃത്തം തുടങ്ങിയവ പഠിച്ചവതരിപ്പിക്കുന്നതിനു വേണ്ട സൌകര്യം ചെയ്തുകൊടുത്തിരുന്നു. നാടകാദികലകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ തലപ്പലം ഗ്രാമീണ വായനശാല എടുത്തുപറയത്തക്ക സംഭാവനകളാണ് നല്കിക്കൊണ്ടിരുന്നത്. അതുപോലെ തന്നെ ഇന്നാട്ടില് അന്യം നിന്നുപോയ മതപരമായ ഒരു കലാരൂപമാണ് പള്ളിപ്പാന. പണ്ടുകാലത്ത് ക്ഷേത്രങ്ങളിലും ചില കുടുംബങ്ങളിലും വച്ചു നടത്താറുണ്ടായിരുന്ന പള്ളിപ്പാന വേലന്‍ സമുദായക്കാരാണ് നടത്തുന്നത്. മഹാഭാരതകഥയാണ് മറ്റൊരു കലാരൂപമായ പള്ളചേര്പ്പിന് ഉപയോഗിക്കുന്നത്. 14 ദിവസം കൊണ്ട് ഭാരതകഥചൊല്ലുകയാണ് ഇവിടെ ചെയ്യുന്നത്. ഈ 14 ദിവസവും രാത്രിയില്‍ വിവിധ ബലികര്‍മ്മങ്ങള്‍ നടത്തുന്നു. ചേര്‍പ്പ് എന്ന ഒരു ചടങ്ങോടുകൂടി പരിപാടി അവസാനിക്കുന്നു. ചീരങ്കുഴ, മുഴിക്കല്‍ എന്നീ രണ്ട് കുടുംബക്കാരാണ് പരിപാടി നടത്തിവന്നിരുന്നത്. ഉദ്ദേശം 50-ഓളം കലാകാരന്മാര് വേണം ഈ പരിപാടിക്ക്. ചിങ്ങമാസത്തിലെ തിരുവോണം മുതല്‍ മൂന്നു ദിവസം ഹൈന്ദവഭവനങ്ങളില്‍ നടത്തി വന്ന ഒരു കലാരൂപമാണ് ഓണക്കളി. ഭാരതവേലന് സമുദായത്തില്‍ പെട്ടവരാണ് ഈ കളിയും നടത്തിവന്നിരുന്നത്. തുടി എന്ന വാദ്യോപകരണമാണ് ഇതിനുപയോഗിക്കുന്നത്. നോക്കുവിദ്യ, അമ്മാനാട്ടം, പാറാവളയം, ചുറ്റിക്കല്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. രണ്ടടി ഉയരമുള്ള കമ്പും ഈര്‍ക്കിലും ഉപയോഗിച്ച് ഒരു മരമുണ്ടാക്കുന്നു. മരക്കൊമ്പില്‍ കിളികളുമുണ്ടാവും. മരം മൂക്കിന്റെ തുമ്പത്ത് നിര്‍ത്തി അമ്പും വില്ലും ഉപയോഗിച്ച് കിളികളെ പറപ്പിക്കുന്നു. വൃക്ഷത്തെ മൂക്കിന് തുമ്പത്ത് നിര്‍ത്തിക്കൊണ്ടുതന്നെ കലുകളുടെ പെരുവിരല്‍ കൊണ്ട് പാറാവളയം കറക്കുന്നു. ഒപ്പം തന്നെ ചെറിയ പന്തുകള്‍കൊണ്ട് അമ്മാനാട്ടം നടത്തുകയും ചെയ്യുന്നു. ഓണക്കളിയുടെ ഒരു പ്രധാന ഇനമാണിത്. ഓണത്തെ സംബന്ധിച്ച പാട്ടുകളാണ് ഇതിന് പാടുന്നത്. സാധാരണ സ്ത്രീകളാണ് ഈ പരിപാടി അവതരിപ്പിക്കാറ്. തലപ്പലം പഞ്ചായത്തില്‍ പുരാതനമായ ചില കുടുംബക്കാര് പുറമെ നിന്നും കാലാകാലങ്ങളില്‍ എത്തുന്ന കഥകളി കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സൌകര്യം ചെയ്തുകൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുകയും കഥകളിയുടെ നിലനില്‍പ്പിനെ സഹായിക്കുകയും ചെയ്തിരുന്നു.